കണ്ടംപെറ്റി!

കുറച്ചു നാളുകള്‍ക്ക് മുന്പ്, നെടുമങ്ങാട് ജങ്ങ്ഷനിലൂടെ ബസ്സില്‍ പോകുമ്പോള്‍ ഒരു പരസ്യ ബോര്‍ഡ് കണ്ടു:
കണ്ടെംപെററി റോപ്പ് ഡാന്‍സ്
താഴെ കുപ്പായമിടാത്ത ഏതാനും നര്‍ത്തകരും! എന്താണീ 'കണ്ടെംപെറ്റി' നൃത്തം എന്നാലോചിച്ച് പുകഞ്ഞുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് ബോധോദയമുണ്ടായത് - contemporary എന്നാണ്. 'ററ' എന്നത് 'റ്റ' എന്ന് വായിച്ചുപോയി.

കുറച്ചുകാലം മുന്പ്, മലയാളം പഠിച്ച ഒരു ആന്ധ്രകാരന്‍ സഹപ്രവര്‍ത്തകനുമായി നടന്ന സംഭാഷണം ഓര്‍മ്മ വന്നു. മലയാളത്തില്‍ കൂട്ടക്ഷരങ്ങള്‍ കാരണം ഉണ്ടാകുന്ന ambiguity-യെ കുറിച്ച് പുള്ളിക്കാരന്‍ കാര്യമായി വാദിക്കുകയായിരുന്നു. നമ്മള്‍ മലയാളികള്‍ക്ക് വളരെ സ്വാഭാവികമായി തോന്നുന്നതും, എന്നാല്‍ പുതുതായി ഭാഷ പഠിക്കുന്ന ഒരാള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുമായ കൂട്ടക്ഷരങ്ങളായിരുന്നു മിക്ക ഉദാഹരണങ്ങളും.
'ഝ' എന്നെഴുതിയാല്‍ എങ്ങനെ വായിക്കും എന്നതായിരുന്നു ഒരു ചോദ്യം. സാധാരണ കൂട്ടക്ഷരങ്ങള്‍ പോലെയാണെങ്കില്‍ 'ത + ധ' എന്നോ 'ത + ഡ' എന്നോ വായിക്കേണ്ടി വരും. 'ഈ ചിഹ്നം ഇങ്ങനെയാണ് ഉച്ഛരിക്കേണ്ടത്, അത്രതന്നെ' എന്ന വാദം സമ്മതിക്കണമെങ്കില്‍ കൂട്ടക്ഷരങ്ങള്‍ എന്ന concept ഉണ്ടാകരുത് എന്നാണ് അങ്ങേരുടെ പക്ഷം.
നേരത്തേ പറഞ്ഞതുപോലെ പുതുതായി മലയാളം പഠിക്കുന്ന ഒരാള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുമെന്ന് സമ്മതിക്കാതെ വയ്യ.

PS: ഈ പറഞ്ഞ സഹപ്രവര്‍ത്തകന്‍ സുന്ദരമായി മലയാളം സംസാരിക്കുകയും വായിക്കുകയും ചെയ്യും. കൂടെ ജോലി ചെയ്യുന്നവരെല്ലാം പലപ്പോഴും മീറ്റിങ്ങുകളില്‍ പോലും മലയാളത്തില്‍ സംസാരിച്ചാല്‍ പിന്നെ വേറെ വഴിയില്ലല്ലോ!

PPS: ലിപി പരിഷ്കരണത്തെ കുറിച്ചുള്ള ഒരു ലേഖനം ഇവിടെ.

Comments

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം