നീലത്താമര

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണല്ലോ ലാല്‍ ജോസിന്റെ നീലത്താമര. 1979-ല്‍ ഇറങ്ങിയ ഇതേ പേരുള്ള ചിത്രത്തിന്റെ റീമേക്കാണിത്. എം.ടി. വാസുദേവന്‍ നായരുടെ കഥ/തിരക്കഥ. ഞാന്‍ പഴയ ചിത്രം കാണുകയോ കഥ വായിക്കുകയോ ചെയ്യാത്തതുകൊണ്ട് പ്രത്യേകിച്ച് മുന്‍വിധിയൊന്നുമില്ലാതെയാണ് ഈ ചിത്രം കാണാന്‍ പോയത്. ലാല്‍ ജോസ് ആയതുകൊണ്ട് ചിത്രം നന്നാകുമെന്നൊക്കെയുള്ള മിഥ്യാധാരണകള്‍ 'മുല്ല'യോടെ അവസാനിച്ചിരുന്നു.

അഭിനേതാക്കള്‍
ഒരുവിധപ്പെട്ട എല്ലാവരും പുതുമുഖങ്ങള്‍. സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ മാത്രമാണെന്ന് തോന്നുന്നു ഇതിലെ മുഖ്യധാരാ അഭിനേതാക്കള്‍. റിമ ഒഴികെ എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 'അര്‍ച്ചന കവി' എന്ന പുതുമുഖമാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രം ആവശ്യപ്പെടുന്ന നിഷ്കളങ്കസൗന്ദര്യം ഉള്ള മുഖം. വളരേ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഈ ചിത്രത്തിലെ ഒരു ഹൈലൈറ്റ് ഈ നായിക തന്നെയാണ്. ഇനിയും ഇതുപോലത്തെ നല്ല അവസരങ്ങള്‍ ഈ നടിയെ തേടിവരുമെന്നുറപ്പ്. ഒപ്പം നന്ദനം എന്ന ആദ്യ ചിത്രത്തില്‍ മാത്രം തിളങ്ങിയ നവ്യാ നായരുടെ ഗതി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
റിമ കല്ലിങ്കല്‍ സൗന്ദര്യം കൊണ്ട് മികച്ചുനില്‍ക്കുന്നെങ്കിലും അഭിനയത്തില്‍ ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ചില രംഗങ്ങള്‍ വ്യക്തമാക്കുന്നു.

കഥ
ലാല്‍ ജോസിന്റെ നീലത്താമര റീമേക്ക് ഇറങ്ങാന്‍ പോകുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എന്റെ സുഹൃത്ത് സന്ദീപ് വണ്ടറടിച്ചു: "റീമേക്ക് ചെയ്യാന്‍ മാത്രം അതിലൊന്നും ഇല്ലല്ലോ? ലാല്‍ ജോസിനെന്താ ഇങ്ങനെ തോന്നാന്‍?" അവന്റെ ദീര്‍ഘവീക്ഷണം ഞാന്‍ ഇപ്പോള്‍ വീണ്ടും അംഗീകരിച്ചിരിക്കുന്നു (ഞാന്‍ പണ്ടേ അവന്റെ ഫാനാണല്ലോ!).
കഥ വളരെ ലളിതമാണ്. ഒരു ചെറുകഥ എന്നതിലുപരി ഒരു സിനിമയാക്കാന്‍ മാത്രം ഇതിലൊന്നുമില്ല. 30 വര്‍ഷം മുന്‍പിറങ്ങിയ അതേ കഥ വീണ്ടും ഉപയോഗിക്കാന്‍ മാത്രം ഇതൊരു 'timeless' വിഷയമല്ല. 'വലിയ വീട്ടിലെ പയ്യനും പാവം ജോലിക്കാരി പെണ്‍കുട്ടിയും' (വിനയന്റെ അടുത്ത സിനിമയുടെ പേരുപോലെയുണ്ടോ?) ലൈന്‍ പുതുമയൊന്നും അവകാശപ്പെടാനില്ലാത്തതാണല്ലോ.

ശബ്ദങ്ങള്‍
ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രത്യേകിച്ച് വിശേഷമില്ലെന്ന് മാത്രമല്ല 'പകലൊന്ന്' എന്ന് തുടങ്ങുന്ന ഗാനം സാമാന്യം അരോചകവുമാണ്. ഗാനരംഗങ്ങള്‍ കണ്ട് ആളുകള്‍ കൂവുന്നത് ഞാന്‍ അപൂര്‍വ്വമായേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.. വിദ്യാസാഗര്‍ എവിടുന്നൊക്കെയോ എന്തൊക്കെയോ ചുരണ്ടി വച്ചിരിക്കുന്നു. 'അനുരാഗ വിലോചനനായി' എന്നതിന്റെ beats ഈ 'കലിയോന്‍ കാ ചമന്‍' ഗാനത്തിന്റേത് തന്നെ.
ശബ്ദമിശ്രണം ഉഗ്രനായി ചെയ്തിട്ടുണ്ട്. പശ്ചാത്തലത്തില്‍ നടക്കുന്ന ചെറിയ ശബ്ദങ്ങളും മറ്റും വളരെ നന്നായി സംയോജിപ്പിച്ചിട്ടുണ്ട്. അടുക്കളയില്‍ അടുപ്പില്‍ ഊതുന്ന ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്നു.
ഇത്രയൊക്കെയാണെങ്കിലും പശ്ചാത്തല സംഗീതം വളരേ ബോറാണ്. ചില രംഗങ്ങളിലെ പശ്ചാത്തലസംഗീതം കേട്ടാല്‍ സുരേഷ് ഗോപി കൊലക്കേസ് തെളിയിക്കുകയാണെന്ന് തോന്നും. ആവശ്യത്തിനും അനാവശ്യത്തിനും ഉറക്കെയുള്ള background score ഉപയോഗിക്കുക എന്നത് ഇന്ത്യന്‍ സിനിമകളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്.

ആകെത്തുക
ഇത് 'ഒരു സിനിമ' മാത്രം. നല്ലതുമല്ല മോശവുമല്ല. ഒരുപക്ഷേ നല്ലതല്ല എന്നതുകൊണ്ട് മോശമാണെന്ന് സമര്‍ത്ഥിക്കാം. ഒരു സിനിമയാക്കാന്‍ മാത്രം കഥയില്ല എന്നാണെനിക്ക് തോന്നിയത്. ഒരു പക്ഷേ ഒരു convincing package നല്‍കാന്‍ സംവിധായകനും അഭിനേതാക്കള്‍ക്കും കഴിയാത്തതുമാകാം. അഭിനേതാക്കളുടെ നല്ല പ്രകടനത്തിലൂടെയും, visually pleasing രംഗങ്ങളിലൂടെയും കാര്യമായ ബോറടിയില്ലാതെ 2 മണിക്കൂര്‍ കടന്നുപോകും.


PS: എന്തൊക്കെയാണെങ്കിലും അര്‍ച്ചന എന്ന നായികയും റിമ എന്ന സുന്ദരിയും കൂടി value for money ഉറപ്പുതരുന്നു. ;-)

Comments

  1. A cinema that appeals to nothing but our emotions.

    ReplyDelete
  2. Kuruppal: Yes, I agree it does appeal to our emotions. But that appeal is so weak when compared to what's expressed in several similar movies. I could compare parts of this to Arth (1982) which is far superior.
    As I said, this is not a bad movie. It's just not that good either.

    ReplyDelete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം