നായകന്‍



നായകന്‍ - ഇന്ദ്രജിത്തിന്റെ 'പുതിയ മുഖം'. കലയും ആക്ഷനും സമന്വയപ്പിച്ച വളരെ വ്യത്യസ്തമായ (ആസ് യൂഷ്വല്‍?) ഒരു ചിത്രം എന്ന് ഇന്ദ്രജിത് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായതുകൊണ്ട് മാത്രം സിനിമ നന്നാവണമെന്നില്ലല്ലോ!

കഥയേക്കുറിച്ച് പ്രത്യേകമൊന്നും പറയാനില്ല. കാര്യമായ കഥയേ ഇല്ല എന്ന് സാരം. ജെ.എസ്. എന്നറിയപ്പെടുന്ന അധോലോക നേതാവിനെതിരെ നായകനായ വരദന്‍ നടത്തുന്ന പകവീട്ടലിന്റെ പോരാട്ടമാണ് ഇതിവൃത്തം. അറിയപ്പെടുന്ന കഥകളിയാചാര്യനായ അച്ഛന് മകനും ഒരു കഥകളി നടനാകണം എന്നയിരുന്നു ആഗ്രഹം. വരദന്‍ കഥകളി വശമായിരുന്നെങ്കിലും അച്ഛന്റെ ഇഷ്ടങ്ങള്‍ക്കെതിരായി ഇയാള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ചേരുന്നു. ഇതിനിടെ, ജെ.എസ്. നടത്തുന്ന ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്ന അച്ഛനേയും സഹോദരിയേയും അവര്‍ കൊലപ്പെടുത്തുന്നു. ഇതറിഞ്ഞ് ചോരതിളച്ചെത്തുന്ന വരതനെ സ്വാഭാവികമായും വില്ലന്‍മാര്‍ ഇടിച്ച് പഞ്ചറാക്കിക്കളയുന്നു. വിന്‍സെന്റ് കാരണവര്‍ എന്ന ലോക്കല്‍ ഗോഡ്ഫാദര്‍ വരദന്റെ രക്ഷിതാവാകുന്നതോടുകൂടി നമ്മുടെ 'നായകന്‍' ജനിക്കുകയായി. പിന്നെയൊക്കെ ഊഹിക്കാവുന്നതുപോലെത്തന്നെ!

വരദനായി ഇന്ദ്രജിത്തും, വിന്‍സെന്റ് കാരണവരായി തിലകനും വേഷമിടുന്നു. ജെ.എസ്. എന്ന വില്ലനാകുന്നത് സിദ്ദിക്. പോലീസ് കമ്മീഷണറായി ലാലു അലക്സും വരദന്റെ അമ്മാവന്‍/സഹായി/ഉപദേശി ആയി ജഗതിയും അഭിനയിക്കുന്നു. 'നായിക' എന്ന സംഗതി ഇല്ലെങ്കിലും വിന്‍സെന്റ് കാരണവരുടെ മകളായി ധന്യ മേരി വര്‍ഗ്ഗീസ് (തലപ്പാവ്, കേരള കഫേ) അഭിനയിക്കുന്നു. അധികം ആയുസ്സില്ലാത്ത ഒരു ചെറിയ കഥാപാത്രമായി വിജയരാഘവനുമുണ്ട്. അറിയപ്പെട്ട നടനായിരുന്ന ജോസ് പല്ലിശ്ശേരിയുടെ മകനായ ലിജോ പല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകന്‍.


ജെ.എസ്. എന്ന ശങ്കര്‍ ദാസിനെ ('ശങ്കര്‍ ദാസ്' എങ്ങനെ 'ജെ.എസ്.' ആകും എന്ന് ചോദിക്കരുത്, എനിക്കറിയില്ല!) ഒരു മജീഷ്യനായാണ് അവതരിപ്പിച്ചിരിക്കുന്നത്. The Prestige എന്ന അത്യുഗ്രന്‍ സിനിമയില്‍ നിന്ന് മോഷ്ടിച്ചതാണീ കഥാപാത്രത്തിന്റെ രീതിയും പിന്നീടുള്ള ചില ട്വിസ്റ്റുകളും. സംഗതി വെളിപ്പെടുത്തി ഞാന്‍ രസംകൊല്ലിയായെന്ന് വിചാരിക്കേണ്ട, ആ കടമ കഥാകാരന്‍/സംവിധായകന്‍ തന്നെ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ഐഡിയ പാതിവഴിയില്‍ എറിഞ്ഞുകളഞ്ഞു പുണ്യാളന്‍മാര്‍!
ചിത്രത്തിന്റെ കാസ്റ്റിങ്ങ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അത്രക്ക് മോശം. ഏതൊക്കെയോ വഴിപോക്കരെ ഓടിച്ചിട്ട് പിടിച്ച് 'ഡഗ്ലസ്' എന്നൊക്കെ പേരും കൊടുത്ത് കായപ്പെട്ടിയുടെ മുന്നില്‍ നിരത്തിയിരിക്കുന്നു. പലരുടേയും ഡയലോഗ് ഡെലിവെറിയും വളരെ മോശം. കൊച്ചിയിലെ ഗുണ്ടാത്തലവന്‍മാരൊക്കെ ഒന്നാം തരം അച്ചടിഭാഷയിലാണ് സംസാരിക്കുന്നത്. പോണി-ടെയില്‍ വച്ച തിലകനെ ആദ്യമായി കാണാനുള്ള ഭാഗ്യവുമുണ്ടായി.

'സ്റ്റൈലിഷ് സിനിമ' എന്നതാണെന്ന് തോന്നുന്നു ഇതിന്റെ കര്‍ത്താക്കളുടെ ലക്ഷ്യം - തലങ്ങും വിലങ്ങും പായുന്ന ക്യാമറാ ഷോട്ടുകള്‍, ചടുലമായ പശ്ചാത്തല സംഗീതം, തെലുങ്കിലെ മഹേഷ് ബാബു (പോക്കിരി, ഒക്കഡു) സ്റ്റൈല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ എന്നിങ്ങനെ പോകുന്നു. ചുരുക്കത്തില്‍ ഒരു 'ബിഗ്-ബി റീലോഡഡ്' അറ്റംപ്റ്റ്. നായകന്റെ attitude കാണിക്കാനായുള്ള ഷോട്ടുകളാണ് ഏറ്റവും ഹാസ്യം. ഇതിലെ നാട്ടിലും മലേഷ്യയിലുമായി ചിത്രീകരിച്ച ഒരു ഗാനരംഗം കാണുമ്പോള്‍ ഇതുമനസ്സിലാകും. തോക്കുളേന്തിയിരിക്കുന്ന Hitman ഇന്ദ്രജിത്തിനെ കാണിച്ചപ്പോള്‍ തിയേറ്ററില്‍ പൊട്ടിച്ചിരിയും കൂവലും.

'കലയും ആക്ഷനും' എന്ന് പറഞ്ഞത് ശരിയാണ്. കഥകളി വേഷമിട്ടിരിക്കുന്ന നായകന് ഇലയില്‍ പൊതിഞ്ഞ തോക്കെടുത്തു കൊടുക്കുന്നു സഹായി. എന്നിട്ട് വായില്‍ കൊള്ളാത്ത എന്തൊക്കെയോ motivational വാചങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോടു കൂടി കവിളുകള്‍ വിറപ്പിച്ചുകൊണ്ട് നായകന്‍ ആക്ഷന് പുറപ്പെടുകയായി. ഈ കവിളുകള്‍ വിറപ്പിക്കുന്ന 'അഭിനയ മുഹൂര്‍ത്തം' ഒന്നുരണ്ടിടത്ത് ഉപയോഗിച്ചുണ്ടെന്നാണ് ഓര്‍മ്മ. കണ്ടപ്പോള്‍ 'ക-ക-ക-കിരണ്‍' എന്ന് പറഞ്ഞ ഷാഹ്റൂഖിനെ ഓര്‍മ്മ വന്നു.

മാന്ത്രികനായ മെഗാവില്ലനാണ് മറ്റൊരു താരം. നല്ലൊരു നടനായ സിദ്ദിക്കിനെ കൊണ്ട് പക്ഷേ എന്തൊക്കെയോ ഗോഷ്ടികള്‍ കാണിപ്പിച്ചിരിക്കുന്നു. The Prestige-ല്‍ Hugh Jackman അവതരിപ്പിച്ച ചില രംഗങ്ങള്‍ ("The New Transported Man") സിദ്ദിക്കിനെ കൊണ്ട് പയറ്റിയിട്ടുണ്ട്.

വിന്‍സെന്റ് കാരണവര്‍ എന്ന തിലകന്റെ കഥാപാത്രത്തിനും കാര്യമായ ചലനങ്ങളുണ്ടാക്കാനുള്ള വകുപ്പില്ല. Ray Ban കണ്ണടയും (ആ Ray Ban ലേബല്‍ അത്രയും വ്യക്തമായി കാണിക്കരുതായിരുന്നു) നരച്ച പോണി-ടെയിലും തിലകന് ഒട്ടും ചേരുന്നില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും. അത്ര തന്നെ!


നല്ലത് എന്ന് പറയാന്‍ കഴിയുന്ന ഏതാനും ചില കാര്യങ്ങള്‍: പശ്ചാത്തല സംഗീതം, സംഘടനരംഗങ്ങള്‍, ക്യാമറ. ഏഡിറ്റിങ്ങും തരക്കേടില്ല. പക്ഷേ ഇവ കൊണ്ടു മാത്രം ഈ സിനിമ 'പൊങ്ങുന്നില്ല'! ഗാനങ്ങള്‍ പരമബോറാണെങ്കിലും പശ്ചാത്തലസംഗീതം ഉഗ്രന്‍. ലാലു അലക്സിന്റെ ഏതാനും രംഗങ്ങളും ചിരിക്കാന്‍ (കളിയാക്കിയതല്ല, ശരിക്കും!) വക നല്‍കുന്നു.

ആദ്യം പറഞ്ഞതുപോലെ, പൃഥ്വിരാജിന് ശേഷം ഇത് ഇന്ദ്രജിത്തിന്റെ 'പുതിയ മുഖം' മാത്രം. പക്ഷേ ഇത് ഈ നടന്റെ കരിയറില്‍ [നമുക്ക്] ഓര്‍ക്കാവുന്ന ഒരു ചിത്രമാണെന്ന് തോന്നുന്നില്ല. അത് ഏറിയ പങ്കും സംവിധായകന്റെ കുറ്റമാണെന്നാണ് എനിക്ക് തോന്നുന്നത്. ചില നല്ല ഭാഗങ്ങള്‍ ഉണ്ടെങ്കിലും വളരെ മോശം രംഗങ്ങളും ധാരാളം. ഒരു പക്ഷേ, ആദ്യസിനിമ ആയതുകൊണ്ടാവാം. എന്തായാലും ഭാവിയില്‍ നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു (അതിനുള്ള കഴിവുണ്ടെന്നാണ് തോന്നുന്നത്).



Comments

  1. കാണാതിരുന്നത് നന്നായി!!! ആ ലോലന്‍ കുറേ നിര്‍ബന്ധിച്ചതാണ്

    ReplyDelete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം