ഇക്കരെപ്പച്ച - ചിത്രങ്ങള്‍



പുതിയവീട്ടിലേക്ക് താമസം മാറിയതിന് ശേഷം അല്പസ്വല്പം കൃഷി പുനരാരംഭിച്ചു. (പണ്ട്, അതായത് ഈ കമ്പ്യൂട്ടര്‍ അഡിക്ഷന്‍ തുടങ്ങുന്നതിന് മുമ്പ്, അല്ലറ ചില്ലറ കൃഷിയൊക്കെ ഉണ്ടായിരുന്നു). ചെടി നടാന്‍ എല്ലാവര്‍ക്കും (ഫാര്യ ഒഴികെ) വലിയ ഉത്സാഹമാണെങ്കിലും മിക്കവാറും ദിവസങ്ങളില്‍ ജലസേചനകര്‍മ്മം അച്ഛന്റെ വകയായിരിക്കും.

ചിത്രങ്ങളില്‍ കാണുന്നത് പോലെ, ചീരയും തക്കാളിയുമാണ് ഇപ്പോഴത്തെ പ്രധാന 'വിള'കള്‍. മുളക്, കയ്പയ്ക്ക (പാവയ്ക്ക), പയര്‍, കറിവേപ്പ് ഇത്യാദി സാധനങ്ങള്‍ പിടിച്ചിട്ടുണ്ടെങ്കിലും 'ഔട്ട്പുട്ട്' കിട്ടാറായിട്ടില്ല. തിരുവനന്തപുരത്ത് ഈയിടയ്ക്ക് നടന്ന ഫ്ലവര്‍ ഷോവില്‍ നിന്ന് ചാമ്പയും സപ്പോട്ടയും തൈക്കള്‍ വാങ്ങി നട്ടു. പിടിച്ചെന്ന് തോന്നുന്നു. നല്ല ചാമ്പയ്ക്ക തിന്ന കാലം മറന്നു. ഇതൊക്കെ കായ്ചിട്ട് വേണം ഒന്ന് അര്‍മ്മാദിക്കാന്‍ ;-)




തക്കാളി നന്നായി കായ്ചുവെങ്കിലും ഇതുവരെ ഒന്നും പഴുത്തുകിട്ടിയില്ല. ഒന്ന് രണ്ട് ആഴ്ച കൊണ്ട് ശരിയാകുമെന്ന് തോന്നുന്നു. തക്കാളിപ്പഴങ്ങള്‍ ധാരാളമായി കായ്ചുകിടക്കുന്നത് കാണുന്നത് ഒരു രസം തന്നെ. പത്തെണ്‍പത് കായ്കള്‍ ഒരു ചെടിയില്‍ തന്നെ ഉണ്ട്. എല്ലാം നല്ല പഴുത്ത തക്കാളികളായിക്കിട്ടിയാല്‍ മതിയായിരുന്നു.

ഈ ചെടികള്‍ക്കൊക്കെ ചെറിയ രീതിയില്‍ കമ്പോസ്റ്റ് വളം ഇട്ടുകൊടുത്തിരുന്നു. പിന്നെ എല്ലാ ദിവസവും വെള്ളമൊഴിക്കുന്നുമുണ്ട്. അല്പം കീടശല്യം ഉണ്ടെങ്കിലും ഇതുവരെ കെമിക്കല്‍ കീടനാശിനികളൊന്നും പ്രയോഗിച്ചിട്ടില്ല. വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് പൊടി എന്നിവ ചേര്‍ത്ത വെള്ളം തളിച്ചുനോക്കിയെങ്കിലും കീടങ്ങള്‍ പുച്ഛിച്ചുതള്ളി. ഇനി പുകയിലക്കഷായം ഒന്ന് പ്രയോഗിച്ചുനോക്കണം.




വീട് വാങ്ങിക്കുമ്പോഴേ ഒരു തെങ്ങ് ഉണ്ടായിരുന്നു. തെങ്ങ് കൊള്ളാവുന്ന ഇനമാണെന്ന് തോന്നുന്നു. ഏഴെട്ട് വാഴകള്‍ ഞങ്ങള്‍ വച്ചു. നല്ലവനായ അയല്‍വാസി അദ്ദേഹത്തിന്റെ തോട്ടത്തില്‍ നിന്ന് വാഴക്കന്നുകള്‍ തന്നതുകൊണ്ട് അതിനും വലിയ പ്രയാസമുണ്ടായില്ല.



പിന്നെ, കൃഷി എന്ന് പറയാനാവില്ലെങ്കിലും, ഒരു സ്പെഷ്യല്‍ 'വിള' ഞാന്‍ നോക്കിനടത്തുന്നുണ്ട്. ചിരിക്കരുത്.. എന്റെ സ്വന്തം ഒരു സ്ക്വയര്‍ ഫീറ്റ് നെല്‍പ്പാടം! പാലുകാച്ചല്‍ സമയത്ത് പറ വച്ചുകഴിഞ്ഞ് (മ്മള് തൃശ്ശൂര്‍കാര് അങ്ങനെയാട്ടാ..) കളഞ്ഞ നെല്ല് തനിയേ മുളച്ച് വന്നതാ. എന്തായാലും ഈ പാടത്ത് നിന്ന് ഒന്ന് രണ്ട് കതിരെങ്കിലും ഞാന്‍ കൊയ്യും :-) (ആ നെല്ലിനപ്പുറത്ത് മാങ്ങനാറി ചെടികള്‍. അതിനുമപ്പുറം എന്റെ ഫിയേറോ F2)


വാല്‍ (ശരിക്കും!)

ഒരു മാസം മുമ്പ് ഒരു ദിവസം രാവിലെ പിന്നാമ്പുറത്ത് നിന്നെടുത്ത ചിത്രം ഇതാ:
ആ ചെറിയ വെള്ള വര കണ്ടോ? ഒരു സുന്ദരന്‍ പാമ്പിന്റെ ഫുള്‍ ലെങ്ങ്ത് തോല്‍! കണ്ണുകള്‍ മുതല്‍ വാലറ്റം വരെയുണ്ട്. ക്ലോസപ്പ് ചിത്രം കാണണമെങ്കില്‍ ചിത്രങ്ങളില്‍ ഞെക്കുക.
പാമ്പ് വരാതിരിക്കാന്‍ വെളുത്തുള്ളിയും പാല്‍ക്കായവും കലക്കിയ വെള്ളം തളിക്കണമെന്നൊക്കെ അമ്മ പറഞ്ഞെങ്കിലും ഇതു വരെ ഒന്നും ചെയ്തില്ല. കുറച്ചു ദിവസം മുമ്പ് ഒരു മഞ്ഞച്ചേര വീട്ടില്‍ എത്തിനോക്കുകയുമുണ്ടായി. ഭൂമിയുടെ അവകാശികള്‍!

Comments

  1. hi second spellinu ethiyo? kollaallo. manjacheraye upadravikkalle. he is our friend

    ReplyDelete
  2. വീടിനടുത്ത് ചെറിയ രീതിയില് കൃഷി തീർച്ചയായും വേണ്ടതാണ്. വിഷമില്ലാത്ത ശുദ്ധ പച്ചകറികൾ മാർക്കറ്റിനേ തേടി അലയാതെ, ഫ്രഷായി ലഭിച്ചാൽ അതിന്റെ രുചി ഒന്ന് വേറെ തന്നെ. ഇന്ന് ഒഴിവുണ്ടായാലും ടി.വി.യും അതു പോലുള്ളവയിൽ അഡിക്റ്റായിരിക്കുന്നു മനുഷ്യർ. കൃഷി മാനസ്സികമായും ശാരീരികമായും നല്ലൊരൂ വ്യായാമം തന്നെ.

    നല്ല പോസ്റ്റ്. അഭിനന്ദനം

    ReplyDelete
  3. ബെഞ്ചാലി: നന്ദി.. താങ്കളോട് പൂര്‍ണ്ണമായി യോജിക്കുന്നു.

    ReplyDelete

Post a Comment

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം