മിയ എന്ന പൂച്ചക്കുട്ടി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഷ്ടമൂര്‍ത്തി സാറിന്റെ ഒരു കുറിപ്പിലൂടെ CP റോജന്‍ എഴുതിയ "മിയ എന്ന പൂച്ചക്കുട്ടി" എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നത്. തിരുവനന്തപുരത്ത് ഒന്ന് രണ്ട് പുസ്തകക്കടകളിലും പിന്നെ പല ഓണ്‍ലൈന്‍ കടകളിലും അന്വേഷിച്ചിട്ട് പുസ്തകം കിട്ടിയില്ല. അവസാനം ഞാന്‍ ഫെയ്സ്ബുക്കിലൂടെ ശ്രീ റോജനുമായി ബന്ധപ്പെട്ടു. പുസ്തകം തിരുവനന്തപുരത്ത് എവിടെക്കിട്ടുമായിരിക്കും എന്ന ചോദ്യത്തിന് "വിലാസം തരൂ ഞാന്‍ അയച്ചുതരാം" എന്നായിരുന്നു മറുപടി. അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പുസ്തകത്തിന്റെ വില ഞാന്‍ തരാം എന്ന് പറഞ്ഞപ്പോള്‍ "ആദ്യം വായിക്കൂ, എല്ലാത്തിനും സമയമുണ്ട്" എന്ന മറുപടി. എന്നാല്‍ ശരി ബാക്കി വായിച്ചിട്ട് അറിയിക്കാം എന്ന് ഞാനും പറഞ്ഞു. പുസ്തകം വന്നു. വായിച്ചു. ഒരുപാട്, ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷേ റോജനെ അറിയിക്കാന്‍ ഏതോ തിരക്കിനാല്‍ വിട്ടുപോയി. 

ഇതെല്ലാം നടക്കുന്നത് 2016 സെപ്റ്റംബറില്‍. വളരെ മോശമായിപ്പോയി എന്ന് ഞാന്‍ എന്നോട് തന്നെ ഇടയ്ക്ക് ഓര്‍മ്മവരുമ്പോള്‍ പറയും. ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പുസ്തകവും എഴുത്തുകാരനും പക്ഷേ മനസ്സില്‍ നിന്ന് മാഞ്ഞില്ല. അത്രയും ശക്തവും തീക്ഷ്ണവുമാണ് ആ എഴുത്തും ഓര്‍മ്മകളും. അങ്ങനെ ഞാന്‍ കുറച്ചുനാള്‍ മുന്പു് റോജനുമായി വീണ്ടും ഫെയ്സ്ബുക് വഴി ബന്ധപ്പെട്ടു, പുസ്തകത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയിക്കുകയും ചെയ്തു. 

ഇനി പുസ്തകത്തെക്കുറിച്ച്. ഫെയ്സ്ബുക്കില്‍ പലപ്പോഴായി എഴുതിയ കുറിപ്പുകളൂടെ സമാഹാരമാണ് ഈ ചെറിയ പുസ്തകം. 50 പേജ് കഷ്ടി. “വായന നീറുന്ന ഒരനുഭവമായി എന്നൊക്കെ അലങ്കാരമില്ലാതെ പറയാനാവുന്ന ഒരു പുസ്തകം" എന്നാണ് അഷ്ടമൂര്‍ത്തി സര്‍ 'മിയ'-യെ കുറിച്ച് എഴുതിയത്. അക്ഷരംപ്രതി സത്യം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസമരണയ്ക്ക് ശേഷം ഇത്ര ഹൃദയസ്പര്‍ശിയായ ഒരു പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. എനിക്ക് പൊതുവേ "എന്നെയാരും സ്നേഹിച്ചില്ല, എന്നെയാരും മനസ്സിലാക്കിയില്ല, എന്നോളം ദുരിതമാരും അനുഭവിച്ചിട്ടില്ല, അതിനാല്‍ എന്നോട് സഹതപിക്കൂ" മട്ടിലുള്ള വിലാപകാവ്യങ്ങള്‍ ഇഷ്ടമല്ല. 'എന്റെ കഥ'-യിലെ മാധവിക്കുട്ടിയോടും പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനത്തോടും അതുകൊണ്ട് തന്നെ എനിക്ക് തീരെ മതിപ്പില്ല. പക്ഷേ 'മിയ' അങ്ങനെയല്ല. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും പാളിച്ചകളും എല്ലാം തുറന്നെഴുതിയിരിക്കുന്നു. വായനക്കരന്റെ സഹതാപത്തിന് വേണ്ടിയുള്ള വിലാപങ്ങളില്ല. അതുകൊണ്ട് തന്നെയായിരിക്കണം ചിദംബരസ്മരണ ഓര്‍മ്മ വന്നത്. അദ്ദേഹത്തിന്റെ അനുഭവങ്ങളും, ഭാഷയും എഴുത്തിന്റെ സത്യസന്ധതയും എന്നെ സ്പര്‍ശിച്ചിരിക്കുന്നു. അതിന് ഇട വരുത്തിയ അഷ്ടമൂര്‍ത്തി സാറിന് നന്ദി. 

ഇതുവരേയ്ക്കും ഞാന്‍ റോജന് പുസ്തകത്തിന്റെ പൈസ കൊടുത്തിട്ടില്ല. കടക്കാരനായിട്ടിരിക്കുന്നു. എന്ന് വീട്ടുമോ ആവോ. റോജനോട് ഒന്നുകൂടി ചോദിക്കണം. 

PS: പുസ്തകം ഇപ്പോള്‍ H&C പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തോന്നുന്നു (നേരത്തേ ഖനിതകം ബുക്സ് എന്നായിരുന്നു). ഇവിടെ നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാം. അവരുടെ പുസ്തകക്കടകളുടെ ലിസ്റ്റ് ചുവടെ.

#mia_enna_poochakkutty #miya_enna_poochakutty


Comments

Popular posts from this blog

പേര്

ബിഗ് റേഡിയോ ഇതിഹാസം

Fedora 16 - Uninstall proprietary Nvidia driver and switch back to Nouveau