ബില്ലു ഭയങ്കര്‍

ഇന്നലെ രാത്രി ഒരു സിനിമകാണാനായി കുര്യനേയും കൊണ്ട് പുറത്തിറങ്ങി. "ബില്ലു" (മനസ്സിലായില്ലേ? "ബില്ലു ബാര്‍ബര്‍" = "കഥപറയുമ്പോള്‍") കാണാമെന്ന് വിചാരിച്ച് തിയേറ്ററിനടുത്തെത്താറായപ്പോള്‍ ഭയങ്കര ട്രാഫികു്.. ബൈക്കുകളുടെ ബഹളം. ഹിന്ദി സിനിമക്ക് ഇത്രയും തിരക്കോ എന്ന് വിചാരിക്കുമ്പോളാ മനസ്സിലായത് നമ്മുടെ ലാലേട്ടന്റെ 'റെഡ് ചില്ലീസ്' എന്ന സംഗതിയും അവിടെക്കളിക്കുന്നുണ്ടെന്ന്.. തിരക്കില്‍ ഒന്ന് രണ്ട് വണ്ടിക്കാരുമായി വഴക്കും (വഴക്കെന്നു പറഞ്ഞാല്‍ "വാടാ, പോടാ.. #*;@" മുതലായ സംഭാഷണശകലങ്ങള്‍) കഴിഞ്ഞ് ഒരുവിധത്തില്‍ ടിക്കെറ്റെടുക്കുന്നിടം വരെയെത്തി.. ആസ് യൂഷ്വല്‍.. മണ്ടന്‍ ഫാന്‍സുകളുടെ ഇടിയും, പോലീസിന്റെ ചൂരലും, തെറിമഴയുമെല്ലാം (ഇതൊക്കെ അപ്പുറത്തെ കൗണ്ടറിലാണേ.. ഹിന്ദി സിനിമക്ക് ഇതിന്റെയെല്ലാമിടയില്‍ ഒരു ചെറിയ ക്യൂ..) നല്ല ബഹളം. വരുന്നവനും പോകുന്നവനുമൊക്കെ കാണുന്നവരെയൊക്കെ നല്ല പതിമൂന്നാംതരം തെറി വിളിക്കുന്നുണ്ട്. എന്തിനാണെന്നറിയില്ല, വെറുതേ ഒരു രസത്തിനാണെന്ന് ഇവരുടെ മുഖഭാവം കണ്ടാല്‍ തോന്നും. ആകെക്കൂടി വെറുപ്പിക്കല്‍സ്!

ഒരു വിധത്തില്‍ ടിക്കറ്റെടുത്ത് സിനിമ കണ്ടു. സാമാന്യം മോശം പടം. കഥപറയുമ്പോള്‍-ലെ രംഗങ്ങളെല്ലാം അതുപോലെ പകര്‍ത്തിവച്ചിട്ടുണ്ട് മഹാനായ പ്രിയദര്‍ശന്‍. പോരാത്തതിന് മായാവിയിലേയും അഴകിയരാവണനിലേയും തമാശ രംഗങ്ങള്‍ സാമാന്യം ബോറായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

പിന്നെ, ഉത്തരേന്ത്യയിലെ ഏതോ ഒരു കുഗ്രാമം എന്ന് പറഞ്ഞ് കാണിക്കുന്ന സ്ഥലം തെന്നിന്ത്യയിലെവിടെയോയാണെന്ന് വ്യക്തം. ഇത് പൊള്ളാച്ചിയാണെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു.

'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്‍" "ബില്ലൂ ഭയങ്കര്‍" എന്ന ഹൊറര്‍ ഹിന്ദി ഗാനമായി. അനില്‍ പനച്ചൂരാനോട് ബഹുമാനം തോന്നിയ നിമിഷങ്ങള്‍. എല്ലാ ഹിന്ദി സിനിമയിലേയും പോലെ, മൂന്നോ നാലോ "ഐറ്റം നമ്പറുകള്‍", പ്രിയദര്‍ശന്റെ സ്ഥിരം കളര്‍ഫുള്‍ പശ്ചാത്തലങ്ങള്‍, ഷാഹ്റൂഖിന്റെ ഓവറാക്ഷന്‍ എന്നിവ കണ്ട് മടുത്ത് ഒടുവില്‍ സിനിമ കഴിഞ്ഞിറങ്ങി.

പിന്നെ, ഉള്ളത് പറയണമല്ലോ.. ഇര്‍ഫാന്‍ ഖാന്‍ നന്നായിട്ടുണ്ട്. ലാറ ദത്ത മോശമെന്ന് പറയാനും വയ്യ.
ആകെ മൊത്തം 5/10 മാര്‍ക്ക് കൊടുക്കാം.

Comments

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം