കോക്‌ടെയില്‍ - Movie Review

അടുത്തിറങ്ങിയ ചില ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ hype ഒന്നുമില്ലാതെയാണ് കോക്‌ടെയില്‍ (cocktail) ഇറങ്ങിയത്. അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ ആദ്യ ചിത്രം. തിരക്കഥ സംഭാഷണം അനൂപ് മേനോന്‍. ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍.

മലയാളത്തില്‍ ഈയിടെയായി ഇംഗ്ലീഷ് സിനിമകളുടെ റീമേക്കുകളുടെ കാലമാണെന്ന് തോന്നുന്നു. ഈ ചിത്രവും വ്യത്യസ്തമല്ല. Butterfly on a wheel (2007) എന്ന കനേഡിയന്‍ ചിത്രത്തിന്റെ അസ്സല്‍ മലയാളം പതിപ്പാണീ ചിത്രം. ഒരുവിധം എല്ലാ രംഗങ്ങളും, സംഭാഷണങ്ങളും എല്ലാം അതേപടി പകര്‍ത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കോക്‌ടെയില്‍ ഒരു തരക്കേടില്ലാത്ത ചിത്രമാണ് (കോപ്പിയടി ഒരു അപരാധമായി കണക്കാക്കുന്നില്ലെങ്കില്‍).

കൊച്ചിയിലെ ഒരു പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥനാണ് രവി എബ്രഹാം (അനൂപ് മേനോന്‍). ഭാര്യ പാര്‍വതിയും (സംവൃത സുനില്‍) മകളും കൂടിയ സന്തുഷ്ട കുടുംബമാണിദ്ദേഹത്തിന്റേത്. ജോലി സ്ഥലത്തും പിന്നെ മറ്റു ബിസിനെസ്സുകളിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച ഇയാള്‍ക്ക് ചില്ലറ ശത്രുക്കള്‍ ഇല്ലാതില്ല. ഭാര്യയും ഭര്‍ത്താവും ഒരു നാള്‍ മകളെ വീട്ടിലാക്കി ഒരു യാത്ര പുറപ്പെടുന്നു. രവി എബ്രഹാമിന് തന്റെ ബോസിന്റെ വീട്ടില്‍ പാര്‍ട്ടിയാണെങ്കില്‍ ഭാര്യക്ക് അവളുടെ കൂട്ടുകാരുടെ കൂടെയൊരു പാര്‍ട്ടി. മകളെ നോക്കാന്‍ ഒരു ഏജന്‍സി വഴി ഒരു ആയയെ ഏര്‍പ്പാടാക്കി അവര്‍ കാറില്‍ യാത്ര തിരിക്കുന്നു. വഴിയില്‍ ലിഫ്റ്റ് ചോദിച്ച് സൗമ്യനായ ഒരു അജ്ഞാതന്‍ (ജയ സൂര്യ) കാറില്‍ കയറുന്നതോടെ കഥയില്‍ ട്വിസ്റ്റ് സംഭവിക്കുന്നു. ഇയാള്‍ ആരാനെന്നും എന്താണിയാളുടെ ലക്ഷ്യമെന്നും വെളിപെടുന്നതിലേക്കാണ് സിനിമയുടെ ഗതി.

സിനിമയുടെ കഥ സാമാന്യം നല്ലതാണ്. പക്ഷെ cocktail എന്ന പേരുമായി വലിയ ബന്ധമൊന്നുമില്ല. ഒറിജിനല്‍ ഇംഗ്ലീഷ് ചിത്രത്തിന്റെ പേര് അല്പം കൂടി അര്‍ത്ഥവത്താണ്.

ജയസൂര്യയും സംവൃത സുനിലും നന്നായി അഭിനയിച്ചിട്ടുണ്ട്. പിയേഴ്സ് ബ്രോസ്ണന്‍ അവതരിപ്പിച്ച കഥാപാത്രം ജയസൂര്യ വിശ്വസനീയമായ തരത്തില്‍ ചെയ്തിട്ടുണ്ട്. അവസാന ക്ലൈമാക്സ് രംഗങ്ങളില്‍ സംവൃത സുനിലിന്റെ പ്രകടനം കുറച്ചുകൂടി ലഘുവാക്കാമായിരുന്നു എന്നെനിക്ക് തോന്നുന്നു. അനൂപ് മേനോനും കുഴപ്പമില്ല, പക്ഷേ ഉഗ്രന്‍ എന്ന് പറയുക വയ്യ. സാധാരണ രംഗങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും കടുപ്പമുള്ള ഭാഗങ്ങള്‍ അത്ര convincing ആയി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കൊന്നും ആര്‍ക്കും പ്രത്യേകം ക്രെഡിറ്റ് കൊടുക്കാനില്ല. ഇംഗ്ലീഷ് സിനിമയിലെ സംഭാഷണങ്ങള്‍ മിക്കതും അതുപോലെ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. എന്നാലും മോശമാക്കാതിരുന്നതിന് നന്ദി. ഗാനങ്ങളെല്ലാം നിര്‍ഗുണങ്ങളും അനവസരത്തില്‍ കുത്തിക്കേറ്റിയതുമാണ് (ഇംഗ്ലീഷ് സിനിമയില്‍ ഗാനങ്ങളില്ലല്ലോ..). ഉദാഹരണത്തിന്, 'വാ മോളേ, നമുക്ക് മമ്മിക്കൊരു ബര്‍ത്ത്ഡേ സോങ്ങ് പാടിക്കൊടുക്കാം' എന്ന് അച്ഛന്‍ പറയുന്നതോടുകൂടി പൊട്ടിവീഴുകയായി ഒരു പാട്ട്! ഇതുപോലൊരു സസ്പെന്‍സ് ത്രില്ലറില്‍ ഈ വക ഗാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.

മികച്ചത് എന്ന് അവകാശപ്പെടാനില്ലെങ്കിലും, സാമാന്യം നല്ല പടമാണ് കോക്‌ടെയില്‍. ക്ലൈമാക്സ് രംഗങ്ങള്‍ക്ക് ശേഷം ഏച്ചുകെട്ടിയ ഭാഗം ഒഴിവാക്കാമയിരുന്നു എന്നെനിക്ക് തോന്നുന്നു.
പുതിയ സംവിധായകന് ആശംസകള്‍. ഒപ്പം, വെറും റീമേക്കുകളില്‍ നിന്ന് ഉയര്‍ന്ന് കുറേക്കൂടി original വര്‍ക്കുകള്‍ വരട്ടേ എന്ന് ആഗ്രഹിക്കുന്നു.

വാല്‍: 'സിനിമ കഴിയുമ്പോള്‍ പ്രേക്ഷകര്‍ കൈയടിക്കുന്ന ചിത്രം' എന്നാണ് ഈ സിനിമയുടെ പല പരസ്യങ്ങളിലും പറയുന്നത്. സംഗതി സത്യമാണ്. ആള്‍ക്കാര്‍ കൈയടിക്കുന്നുണ്ടായിരുന്നു. എന്ന് വച്ച് അത് അത്ര വലിയൊരു കാര്യമാണെന്ന് ആരും ധരിക്കേണ്ട. പ്രേക്ഷകരുടെ മച്യൂരിറ്റിക്കൊരു ഉദാഹരണം: സിനിമയുടെ ഇടയില്‍, അനൂപ് മേനോന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട് - "ഇതിപ്പോള്‍ പദ്മശ്രീ ലെഫ്റ്റ്. കെര്‍ണല്‍ മോഹന്‍ ലാല്‍ പറഞ്ഞത് പോലെ.....". ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ബാല്‍ക്കണിയില്‍ നിലക്കാത്ത കൈയടിയും വിസിലും. ബാക്കി ഡയലോഗ് ആര്‍ക്കും കേള്‍ക്കാന്‍ പോലും പറ്റിയില്ല! ഇത്രയേയുള്ളൂ ഇവിടത്തെ ഓഡിയന്‍സ്!

Comments

Popular posts from this blog

പേര്

Qt - Enabling qDebug messages and Qt Creator

ബിഗ് റേഡിയോ ഇതിഹാസം