Tuesday, November 9, 2010

അന്‍വര്‍ - Movie Review


ഈ ചിത്രത്തിന് ഒരു അവലോകനം എഴുതുവാന്‍ അല്പം വൈകിപ്പോയെന്നറിയാം. എന്നാലും 'better late than never' എന്നാണല്ലോ :-)
സ്ലോ മോഷന്‍ മന്നന്‍ അമല്‍ നീരദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യം ഇറങ്ങിയ ബിഗ് B (2007) പുതുമ കൊണ്ടും സ്റ്റൈല്‍ കൊണ്ടും പ്രശംസ പിടിച്ചുപറ്റിയിരുന്നല്ലോ. അതിനും രണ്ട് വര്‍ഷം മുമ്പിറങ്ങിയ Four Brothers എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് അടിച്ചുമാറ്റിയതാണ് ബിഗ് B (ക്യാമറ ആംഗിള്‍ ഉള്‍പടെ) എന്ന ആരോപണവും (വാസ്ഥവം തന്നെ) നിലവിലുണ്ട്. അതിന് ശേഷം ലാലേട്ടനെ വച്ച് പടച്ച് വിട്ട സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് (2009) അറുബോറന്‍ പടങ്ങളുടെ നിരക്ക് ഒരു വമ്പന്‍ മുതല്‍ക്കൂട്ടാകുക തന്നെ ചെയ്തു.
ഇപ്പോഴിതാ പൃഥ്വിരാജിനെ വച്ച് അമല്‍ നീരദ് വീണ്ടും ഇറങ്ങിയിരിക്കുന്നു - അന്‍വര്‍.

കഥ
കൊയമ്പത്തൂരിലെ ഒരു തുണിക്കടയില്‍ നടക്കുന്ന ബോംബ് സ്ഫോടനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അനേകം പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് വേഷമിടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ ഒരു ലോക്കല്‍ നേതാവായ ബാബു സേഠ് (ലാല്‍) അറസ്റ്റ് ചെയ്യപെടുന്നു. ഇതിനിടെ ഒരു ചെറുകിട ഹവാല ഏജന്റായ നായകന്‍ അന്‍വര്‍ (പൃഥ്വിരാജ്) പിടിക്കപ്പെട്ട് ജയിലിലാകുന്നു. ജയിലില്‍ വച്ച് അല്ലറ ചില്ലറ അടിപ്രശ്നങ്ങളില്‍ പെടുന്ന അന്‍വറിനെ ബാബു സേഠ് സഹായിക്കുന്നു. അന്‍വറും ബാബു സേഠുമായുള്ള സൗഹൃദം അങ്ങനെ തുടങ്ങുന്നു. ബാബു സേഠിന്റെ സഹായത്താല്‍ ജാമ്യം നേടുന്ന അന്‍വര്‍ ഒടുവില്‍ അയാളുടെ വിശ്വസ്തനും വലം കൈയുമാകുന്നു.
വിദേശീയരായ തീവ്രവാദികളുടെ സഹായത്തോടെ ബോംബ് സ്ഫോടനങ്ങളുടെ ഒരു വമ്പന്‍ നിര തന്നെ നടത്താന്‍ പ്ലാനിടുന്ന ബാബു സേഠ് ഈ പദ്ധതിയില്‍ അന്‍വറിനെ പങ്കാളിയാക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അന്‍വര്‍ ആരാണെന്നും എന്താണയാളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നും നമുക്ക് വെളിപെടുന്നു. കളയാന്‍ മാത്രം സസ്പെന്‍സ് ഒന്നും ഇല്ലെങ്കിലും, ഞാന്‍ ഇത്രയും പറയട്ടെ: പൃഥ്വിരാജിനെ വില്ലനാക്കുന്ന ഒരു ചിത്രം എടുക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല ഒരു സംവിധായകനും ;-)
ഇതിനിടെ മമ്ത മോഹന്‍ദാസ് നായികയുടെ രൂപത്തില്‍ അവതരിക്കുന്നുണ്ട്. പക്ഷേ അധികം സ്ക്രീന്‍ ടൈം ഒന്നും ഇല്ല ഈ കഥാപാത്രത്തിന്.

കാര്യം
ആദ്യമേ പറയട്ടെ, ബിഗ് B പോലെത്തന്നെ ഇതും Traitor (2008) എന്ന ഹോളിവുഡ് സിനിമയില്‍ നിന്ന് കടം കൊണ്ടതാണ് (കട്ടതാണെന്ന് പറയാനാണെനിക്കു് കൂടുതലിഷ്ടം). ആ ഇടത്തരം സിനിമ സ്ലോമോഷനില്‍ എടുത്താല്‍ ഏതാണ്ടൊക്കെ അന്‍വറായി. പിന്നെ സ്ലോ മോഷനില്‍ തന്നെ കുറേ സംഘടനരംഗങ്ങള്‍ കൂടി വേണം. Traitor-ല്‍ ഡോണ്‍ ഷീഡില്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Traitor-മായി താരതമ്യം ചെയ്താലും ഇല്ലെങ്കിലും, അന്‍വര്‍ ഒരു മികച്ച ചിത്രമല്ല. തുടക്കം മുതല്‍ ഒടുക്കം വരെ ആള്‍ക്കാര്‍ സ്ലോമോഷനില്‍ മറിഞ്ഞു വീഴുന്നതല്ലാതെ impressive ആയി മറ്റൊന്നുമില്ല. ഈ സ്ലോമോഷനിലുള്ള വീഴ്ചകള്‍ എത്ര നേരം കണ്ടിരിക്കും! ചിത്രത്തിന്റെ കഥയും ഒട്ടുമിക്ക രംഗങ്ങളും Traitor-ല്‍ നിന്ന് പകര്‍ത്തിയതാണ്. പക്ഷെ കേന്ദ്ര കഥാപാത്രങ്ങളുടെ characterisation-ല്‍ അന്‍വര്‍ ഏറെ പരാജയപ്പെട്ടു. ഉദാഹരണത്തിന് ബാബു സേഠ് എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കുന്നത് ഗൗരവക്കാരനായ ഒരു കരിസ്മാറ്റിക് നേതാവായാണ്. പക്ഷേ ഇതേയാളിനെ അല്പം കഴിഞ്ഞ് ഒരു 'ലാക്കല്‍' തമാശ പറയുന്നതായും കാണിക്കുന്നു. ക്യാമറ നിലത്തുവച്ചെടുത്ത ഷോട്ടുകളില്‍ക്കൂടിയും മസില്‍ പിടിച്ചു പറയുന്ന ഡയലോഗുകളിലൂടെയും ഈ കഥാപാത്രം ഉണ്ടാക്കിയെടുത്ത ഇമേജ് അതോടുകൂടി തവിടു പൊടി!.

നായക കഥാപാത്രത്തിന്റെ കാര്യത്തിലും Traitor ഏറെ മുന്നിട്ടു നില്‍ക്കുന്നു. കഥയുടെ ഇടയ്ക്ക് വച്ച് ഈ കഥാപാത്രത്തിന്റെ കൂറ് എവിടെയാണെന്ന് പ്രേക്ഷകര്‍ക്കും, ആ കഥാപാത്രത്തിന് തന്നേയും സംശയം തോന്നിപ്പിക്കന്ന തരത്തിലുള്ള ആത്മസംഘര്‍ഷങ്ങള്‍ Traitor-ല്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം സംശയങ്ങളോ സസ്പെന്‍സോ ജനിപ്പിക്കുന്നതില്‍ അന്‍വറിന്റെ സംവിധായകനും പൃഥ്വിരാജും പരാജയപ്പെട്ടിരിക്കുന്നു.

Traitor ഒരു ശരാശരി പടമായിരുന്നെങ്കിലും അതിന്റെ ഏറ്റവും നല്ല ഭാഗം അതിന്റെ ക്ലൈമാക്സാണ്. അന്‍വറില്‍ ക്ലൈമാക്സ് ആകെ അലങ്കോലമാണ്. നായകന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി വെറുതേ കുറെ ഇടിയും കത്തിക്കുത്തും (എല്ലാം സ്ലോമോഷനില്‍ തന്നെ). ഇതെല്ലാം സഹിച്ചാലും കഴിയുന്നില്ല. പടം അവസാനിക്കുമ്പോള്‍ 'Peace' എന്ന് എഴുതിവരും. എന്നിട്ട് തുടങ്ങുകയായി ഒരു 'ഹിപ് ഹോപ്' ഗാനം. ആ ഗാനവും അതിന്റെ അട്രോഷ്യസ് ചിത്രീകരണവും പടത്തിന്റെ മൂഡ് തന്നെ നശിപ്പിച്ചിരിക്കുന്നു. ഈ ഗാനം കൊണ്ട് ഒരു കുഴപ്പവുമില്ലെന്നും സീരിയസ് സിനിമക്ക് ശേഷം പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കാന്‍ ഇത് സഹായിക്കുമെന്നോ മറ്റോ അമല്‍ നീരദ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതായി വായിച്ചു. കഷ്ടം തന്നെ!

അമല്‍ നീരദ് എന്ന സംവിധായകന്റെ കഴിവില്‍ സംശയം തോന്നിപ്പിക്കുന്ന ഒരു ചിത്രം കൂടിയായി അന്‍വര്‍. ചിത്രത്തിന്റെ തുടക്കത്തില്‍ പൃഥ്വിരാജിനെ പോലീസുകാര്‍ ഓടിച്ചിട്ട് (chase) പിടിക്കുന്ന ഒരു രംഗമുണ്ട്. ആള്‍ക്കാര്‍ ഓടുന്നത് fast forward ചെയ്ത് കാണുന്നത്പോലെയിരിക്കും. പോലെ എന്നല്ല, അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നതും. സംവിധായകന്‍ Bourne സിനിമകളും മറ്റും ഒരുപാട് തവണ കാണേണ്ടിയിരിക്കുന്നു. ആള്‍ക്കാര്‍ നടക്കുന്നതും, വീഴുന്നതും, ചാടുന്നതും ഇടിക്കുന്നതുമൊക്കെ താഴെയും ചെരിച്ചും ക്യാമറ വച്ച് പിടിക്കാന്‍ expert ആണെന്നല്ലാതെ അമല്‍ നീരദ് എന്ന സംവിധായകനില്‍ മറ്റൊരു പ്രതിഭയും കാണാന്‍ കഴിയുന്നില്ല.

അമല്‍ നീരദ് മമ്മൂട്ടിയേയും, മോഹന്‍ലാലിനേയും, ഇപ്പോള്‍ പൃഥ്വിരാജിനേയും വച്ച് ഒരോ സിനിമകള്‍ ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി സുരേഷ് ഗോപിയേയും, ജയസൂര്യയേയും എന്തിന് കുഞ്ചാകോ ബോബനേയും വരെ പരീക്ഷിച്ചുനോക്കാവുന്നതേയുള്ളൂ.. മൂന്നില്‍ രണ്ട് സിനിമകളും ഇംഗ്ലീഷ് സിനിമകളുടെ റീമേക് ആണെന്നിരിക്കെ സന്ദേശമുള്ള നല്ല കഥ ജനങ്ങള്‍ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് അന്‍വറെന്നൊക്കെ ഇദ്ദേഹം പത്രസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി പറയണമായിരുന്നോ?

No comments:

Post a Comment