Tuesday, October 2, 2012

പേര്

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കറുണ്ടല്ലോ.. പക്ഷേ ചില കുട്ടികളുടെ പേരുകള്‍ കേട്ടാല്‍ ഇത്രയും വേണമായിരുന്നോ എന്ന് തോന്നിപ്പോകും. ഈയടുത്ത് ഒരാള്‍ 'മൃത്യു' എന്ന് പേരുള്ള ഒരു കുട്ടിയെ പരിചയപ്പെട്ടു എന്ന് പറഞ്ഞുകേട്ടു.
ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഞാനും ഭാര്യയും ഞങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പേര് തപ്പിനടക്കുകയായിരുന്നു. സ്കാനിങ്ങ് ചെയ്തപ്പോഴൊന്നും കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും ഞങ്ങള്‍ അന്വേഷിച്ചില്ല. പക്ഷേ യാതൊരു അടിസ്ഥാനവുമില്ലാത്ത ഏതോ തോന്നല്‍ കാരണം കുട്ടി പെണ്ണ് തന്നെ എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.
എന്റെ പേരന്വേഷണത്തിലുള്ള ചൂടില്ലായ്മയെ പഴിച്ച് പ്രിയതമ കൊണ്ടുപിടിച്ച അന്വേഷണം തുടങ്ങി. അദ്ദേഹത്തിന് ഒരുപാട് നിബന്ധനകള്‍ ഉണ്ടായിരുന്നു. ആരും കേട്ടിട്ടുള്ള പേരായിരിക്കരുത്, S, U, Vമുതലായ അക്ഷരമാലയില്‍ അവസാനത്തില്‍ വരുന്ന അക്ഷരങ്ങളില്‍ തുടങ്ങരുത് മുതലായ കഠിനമായ നിബന്ധനകള്‍. അങ്ങനെ ഇടയ്ക്കിടയ്ക്ക് ഇദ്ദേഹം ഓരോ പേരുകള്‍ കണ്ടുപിടിച്ച് കൊണ്ടുവരും. ഒട്ടുമിക്ക പേരുകളും ഞാന്‍ വീറ്റോ ചെയ്തുകളയും. ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പക്ഷേ ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് തോന്നുന്നുവെങ്കില്‍ എന്റെ ഭാര്യ കണ്ടുപിടിച്ച പേരുകള്‍ ഒന്ന് വായിച്ചു നോക്കൂ:

 1. മാനസ
 2. ചിന്മയി
 3. ഹൈമവതി
 4. സവ്യദക്ഷിണ
 5. മൈത്രേയി
 6. വൈശാഖ
 7. ചാരുത
 8. സ്മരണിക
 9. ഹാസിനി
 10. പാവനി
 11. വിപ്രപ്രിയ
 12. ശുഭകാംഷി
 13. ദിവംഗത
എങ്ങനെയുണ്ട്? ഈ വക പേരെങ്ങാനും ഇട്ടിരുന്നെങ്കില്‍ കുട്ടി വലുതാകുമ്പോള്‍ എന്നെ കുനിച്ച് നിര്‍ത്തി ഇടിച്ചേനെ!

ശുഭകാംഷി പോലും.. കേള്‍ക്കുമ്പോള്‍ സിനിമകളിലെ സീനുകള്‍ ഓര്‍മ്മ വരുന്നു:
ഹലോ പോലീസ് സ്റ്റേഷന്‍? ഇന്നത്തെ മദ്രാസ് മെയിലില്‍ ബോംബ് വച്ചിട്ടുണ്ട്
ഹേ? നിങ്ങളാരാ?
ഒരു അഭ്യുദയകാംഷി!
ഇതില്‍ അവസാനം പറഞ്ഞ പേര് - ദിവംഗത കേട്ടപ്പോള്‍ ഞാന്‍ ഉരുണ്ട് കിടന്ന് ചിരിച്ചു. എന്തോ പന്തികേട് തോന്നിയ ഭാര്യ ഉടനേ: "ഞാന്‍ ഉദ്ദേശിച്ചത് ദിവ്യംഗത എന്നാ.. അതായത്  ദിവ്യങ്ങളായ അംഗങ്ങളുള്ളവള്‍ എന്ന്". ചിരിച്ച് ചിരിച്ച് കണ്ണ് മപ്പിയ അവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ പ്രതികരിച്ചില്ല.

ഇനി എങ്ങാനും ആണ്‍കുട്ടിയായാലോ എന്ന് വിചാരിച്ച് ഒരു പേരും കൂടി മഹതി കണ്ടുപിടിച്ചു: ദേവവ്രതന്‍. കേട്ടപ്പോള്‍ ഞാന്‍ കല്ലെടുത്തെറിഞ്ഞില്ലെന്നേ ഉള്ളൂ..

ഒടുവില്‍ ആ സുദിനം വന്നെത്തി. സുന്ദരനായ ഒരു ആണ്‍ കുഞ്ഞ്! മലപ്പുറം കത്തിയും അമ്പും വില്ലുമെല്ലാം വെറുതെയായി! "ബേബി ഓഫ്..." വച്ച് അഡ്ജസ്റ്റ് ചെയ്തു!

വാല്‍: ഭാര്യ ഇത് വായിക്കുന്ന ദിവസം തല്ല് ഉറപ്പാ..

7 comments:

 1. appol kuttikku enthu peranu avasanam ittathu.. ?

  ReplyDelete
 2. ഹ ഹ ഹ :) :D ധൃഷ്ടദ്യുമ്നന്‍ എന്ന് കൂടി നിര്‍ദേശിക്കാമായിരുന്നു

  ReplyDelete
 3. @Lalkrishna Raj
  :-)
  ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ അതൊക്കെ വന്നേനേം!

  ReplyDelete
 4. മൈത്രേയി മോശമില്ലായിരുന്നു.

  പിന്നെ ഒരു സാമ്യം എന്‍റെ മകന്‍റെ പേരും ഇഷാന്‍ എന്നാണ് (ISHAAN N KRISHNA )

  :)

  ReplyDelete
  Replies
  1. അത് കൊള്ളാം.. ഇവിടുത്തെ ചെക്കന്‍ Ishan C Krishnan!

   Delete