Friday, July 6, 2012

മേല്‍വിലാസം - Movie Review


സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥ അടിസ്ഥാനമാക്കി മാധവ് രാമദാസന്‍ സംവിധാനം ചെയ്ത ഈ സിനിമ ഇറങ്ങിയിട്ട് കുറേ കാലമായെങ്കിലും, പലര്‍ക്കും ഇങ്ങനൊരു സിനിമ ഉണ്ടെന്ന് പോലും അറിയില്ലെന്ന് തോന്നുന്നു. അതുകൊണ്ട് വൈകിയാണെങ്കിലും എന്റെ വക ദാ ഇവിടെ..

ഒരു പട്ടാള ഓഫീസറെ വെടിവച്ചു കൊല്ലുകയും മറ്റൊരു ഓഫീസറെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ഒരു സാദാ ജവാനെ (ജവാന്‍ അല്ല, സവാര്‍ ആണത്രേ) പട്ടാളക്കോടതി വിചാരണ (court-martial) ചെയ്യുന്നതാണ് കഥ. സിനിമ മുഴുവനും ഈ ഒറ്റമുറിയില്‍ നടക്കുന്ന സംഭവങ്ങളാണ്.
പ്രതിയായ സവാര്‍ രാമചന്ദ്രന്‍ (പാര്‍ത്ഥിപന്‍) കുറ്റസമ്മതം നടത്തുന്നുവെങ്കിലും അയാള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള defense counsel ക്യാപ്റ്റന്‍ വികാസ് റായ് (സുരേഷ് ഗോപി) കോടതിയില്‍ അയാളുടെ മൗനത്തിനു പിന്നിലെ സത്യം തേടുന്നു. ഒരു open and shut case എന്ന് എഴുതിത്തള്ളിയേക്കാവുന്ന സംഭവം അങ്ങനെ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. വിചാരണക്കോടതിയുടെ കര്‍ക്കശക്കാരനായ പ്രിസൈഡിങ്ങ് ഓഫീസറായ കേണല്‍ സൂരത് സിങ്ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ തലൈവാസല്‍ വിജയ്. അശോകന്‍, കൃഷ്ണകുമാര്‍, നിഴല്‍ഗള്‍ രവി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തന്നെ ഇതേ പേരിലുള്ള ഒരു നാടകമാണ് തിരക്കഥയ്ക്കാധാരം. സ്വദേശ് ദീപകു് എഴുതിയ 'കോര്‍ട്ട് മാര്‍ഷല്‍' (1991) എന്ന ഹിന്ദി നാടകമാണ് 'മേല്‍വിലാസം' എന്ന നാടകത്തിനാധാരം. (ചിത്രത്തിന്റെ ഓപ്പണിങ്ങ് ക്രെഡിറ്റ്സില്‍ 'the source of inspiration to write the script is a Hindi story by Prof. Swadesh Deepak' എന്നാണ് സൂര്യ കൃഷ്ണമൂര്‍ത്തി എഴുതിയിരിക്കുന്നത്. വരികള്‍ക്കിടയിലൂടെ വായിക്കണോ ആവോ..).


എന്തായാലും സിനിമയുടെ സംഭാഷണങ്ങള്‍ വളരെ നാടകീയമാണ്. നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം ഏറെ തന്നെ എന്ന് ഈ സിനിമ കാട്ടിത്തരുന്നു. ഒട്ടു മിക്ക രംഗങ്ങളും, സംഭവങ്ങളും സംഭാഷണങ്ങളും എല്ലാം സിനിമയേക്കാള്‍ നാടകങ്ങള്‍ക്ക് യോജിച്ചവയാണെന്ന് തോന്നും. കാഴ്ചക്കാര്‍ ബുദ്ധി കുറവുള്ളവരാനെന്നും കാര്യങ്ങളെല്ലാം വളരെ സ്പഷ്ടമായി സംഭാഷണങ്ങളില്‍ ഉള്‍കൊള്ളിച്ചാല്‍ മാത്രമേ അവര്‍ക്ക് വല്ലതും മനസ്സിലാവൂ എന്ന മട്ടിലാണ് കഥാപാത്രങ്ങളുടെ സംസാരം. കേന്ദ്ര കഥാപാത്രങ്ങളൊഴിച്ചുള്ളവരുടെ വരികള്‍ തികച്ചും അസ്വാഭാവികം.

ചിത്രത്തിന്റെ കഥ അല്പം കാലഹരണപ്പെട്ടതാണെന്നാണ് എന്റെ അഭിപ്രായം. ഒരു പക്ഷേ നമ്മള്‍ തെക്കേ ഇന്ത്യക്കാരായത് കൊണ്ട് തോന്നുന്നതാവാം. എങ്കിലും ഇത് ഒരു രസംകൊല്ലിയാവുന്നില്ല എന്നത് സമാധാനം. ആകെ മൊത്തം A Few Good Men, 12 Angry Men എന്നീ ഹോളിവുഡു് സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന അന്തരീക്ഷം.

അഭിനേതാക്കളുടെ കാര്യമെടുക്കാം. പാര്‍ത്ഥിപന്‍ മികച്ചുനിന്നപ്പോള്‍ സുരേഷ് ഗോപി അലോസരപ്പെടുത്തി. ഇത്രയും പരിചയസമ്പന്നനായ ഒരു നടന്‍ എന്തിനാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ അമിതമായ നാടകീയത കലര്‍ത്തി ഡയലോഗുകള്‍ പറയുന്നതെന്ന് മനസ്സിലാകുന്നില്ല (ഇപ്പോള്‍ ടിവിയില്‍ ഓടുന്ന "നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ" പ്രകടനവും വ്യത്യസ്തമല്ല).  തലൈവാസല്‍ വിജയ് വളരെ മോശം. ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രകടനം അസഹനീയമാണ്. ബാക്കിയുള്ളവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും കൃഷ്ണകുമാറും രവിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു.

ആകെ മൊത്തം ഇതൊരു ഭേദപ്പെട്ട ചിത്രമാനെന്നാണ് എന്റെ അഭിപ്രായം. മുകളില്‍ പറഞ്ഞ ന്യൂനതകള്‍ ഉണ്ടെങ്കിലും പ്രോത്സാഹിക്കപ്പെടേണ്ട ഒരു സിനിമ തന്നെയാണ് മേല്‍വിലാസം. ഈ സിനിമ ചാനലുകളിലോ മറ്റോ കാണാന്‍ അവസരം കിട്ടിയാല്‍ നഷ്ടപ്പെടുത്തണ്ട.


No comments:

Post a Comment