Monday, March 1, 2010

സൂഫി പറഞ്ഞ കഥ

പുതുമുഖ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥ ഏകദേശം രണ്ടാഴ്ച മുമ്പ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഇദ്ദേഹത്തിന്റെ ഇതിനു മുമ്പിറങ്ങിയ നെയ്തുകാരന്‍, പുലിജന്മം എന്നീ ചിത്രങ്ങള്‍ ധാരാളം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഒരു കടലോരപ്രദേശത്തെ ആള്‍ക്കാര്‍ ആരാധിക്കുന്ന ഒരു 'ബീവി'യുടെ ഖബറിന്റെ പിന്നിലെ കഥയോ ചരിത്രമോ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. കെ.പി. രാമനുണ്ണി 15 വര്‍ഷം മുമ്പെഴുതിയ ഇതേ പേരുള്ള നോവലിന്റെ ചലചിത്രാവിഷ്കാരമാണ് ഈ സിനിമ.

1850-കളിലാണ് കഥ നടക്കുന്നത്. ഒരു പ്രമുഖ ഹിന്ദു മേനോന്‍ കുടുംബത്തില്‍ പിറന്ന കാര്‍ത്യായനി (കാര്‍ത്തി) എന്ന പെണ്‍കുട്ടി ഒരു പ്രദേശത്തെ ജനങ്ങള്‍ ആരാധിക്കുന്ന മുസ്ലിം ബീവിയായി പരിണമിച്ച കഥ, ഈ കാലഘട്ടത്തില്‍ വിവരിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ചരിത്രമാണോ കെട്ടുകഥയാണോ എന്ന് കൃത്യമായി നിര്‍വചിക്ക വയ്യ. സ്നേഹവും, കാമവും, ദൈവീകതയും ഒക്കെ നിറം പകര്‍ന്ന, കാല്പനികതയുടെ അതിരുകളില്‍ ജീവിക്കുന്ന ഒരു കഥ.

കാര്‍ത്തി ജനിച്ചു വീണപ്പോള്‍ തന്നെ അതൊരു അസാധാരണമായ ജാതകമാണെന്ന് അമ്മാവന്‍ തിരിച്ചറിയുന്നു - "സാധാരണക്കരുടെ നല്ലതിനും ചീത്തക്കും അപ്പുറമായിരിക്കും ഇവരുടെ നല്ലതും ചീത്തയും". അമ്മാവന്റെയും കാര്‍ത്തിയുടേയും ബന്ധം വളരുന്നതും അല്പം വിചിത്രമായ രീതിയില്‍ തന്നെയാണ്. അമ്മയും മുത്തശ്ശിയും അമ്മാവനും എല്ലാവരും ഉണ്ടെങ്കിലും എന്തുകൊണ്ടോ ഏകാന്തത നിറഞ്ഞ ബാല്യവും കടന്ന് കാര്‍ത്തി സുന്ദരിയായ യുവതിയായി വളരുന്നു. മാന്ത്രികതയും ദൈവീകതയും കലര്‍ന്ന സംഭവങ്ങളും മരണങ്ങളും ഇതിനിടയില്‍ സംഭവിക്കുന്നുണ്ട്.
പൊന്നാനിയില്‍ നിന്ന നാട്ടില്‍ കച്ചവടത്തിനെത്തുന്ന മാമൂട്ടി എന്ന മുസ്ലിം യുവാവുമായി കാര്‍ത്തി പ്രണയബദ്ധയാകുന്നു. ഇയാളുമായി കാര്‍ത്തി നാടുവിടുന്നു. മതം മാറി, തട്ടമിട്ട്, നിസ്കരിക്കുന്ന സുഹ്റ എന്ന കാര്‍ത്തി പക്ഷേ ഏറെ നാള്‍ കഴിയും മുമ്പു തന്നെ തന്റെ വേരുകളുടെ ആഴങ്ങള്‍ മനസ്സിലാക്കുന്നു. വീട്ടുപറമ്പില്‍ ഒരു അമ്പലം വേണമെന്ന സുഹറയുടെ ആവശ്യം നല്ലവനായ മാമൂട്ടി നിറവേറ്റിക്കൊടുക്കുന്നു. ഇതിനേത്തുടര്‍ന്ന് നാട്ടിലുണ്ടാകുന്ന പശ്നങ്ങളോടെയാണ് കഥ മുന്നേറുന്നത്.

കഥ പറയുന്ന സൂഫിയാകുന്നത് ബാബു ആന്റണിയാണ്. ബംഗാളി നടി ഷര്‍ബാനി മുഖര്‍ജി കാര്‍ത്തിയായി വേഷമിടുന്നു. അമ്മാവന്‍ ശങ്കരമേനോനായി അഭിനയിച്ചിരിക്കുന്നത് തമ്പി ആന്റണിയാണ് (ബാബു ആന്റണിയുടെ സഹോദരനാണ് ഇദ്ദേഹം). മാമൂട്ടിയായി വേഷമിടുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പുതുമുഖം പ്രകാശ് ബാരെ. കൂടാതെ ജഗതി ശ്രീകുമാറും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
എല്ലാവരും നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. നായികയായ ഷര്‍ബാനി മുഖര്‍ജിയുടെ മുഖത്തിന് കഥാപാത്രം ആവശ്യപ്പെടുന്ന നിഗൂഢമായ വശ്യത ധാരാളമുണ്ടെങ്കിലും, ആവശ്യത്തിലേറെ പ്രായമുള്ളത് പോലെ തോന്നുന്നു. അഭിനയം നല്ലതെങ്കിലും കെങ്കേമം എന്ന പറയുക വയ്യ. 'യക്ഷി'യില്‍ ശാരദ അഭിനയിച്ചതിനോട് സാമ്യമുള്ള ചില രംഗങ്ങളും ഡയലോഗ് ഡെലിവെറിയും ഇതില്‍ കാണാം.
അല്പം 'സ്റ്റിഫ്' ആണെങ്കിലും തമ്പി ആന്റണിയുടെ ശങ്കുമ്മാമയും നന്നായിട്ടുണ്ട്. ഉത്സുകനായ മാമൂട്ടിയെ പ്രകാശ് ബാരെ തെറ്റില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു പക്ഷേ നോവല്‍ വായിക്കാഞ്ഞിട്ടാകാം, ഈ ചിത്രത്തിന്റെ പ്രമേയം മുഴുവനായി ഉള്‍കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. എന്താണ് കഥയുടെ കേന്ദ്രബിന്ദുവാക്കേണ്ടത് എന്ന് നിശ്ചയിക്കാന്‍, അല്ലെങ്കില്‍ അത് പ്രേക്ഷകനിലേക്കെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. നോവലിലെ എല്ലാ സംഗതികളും 2 മണിക്കൂറില്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്തതാണ് പ്രശ്നം എന്ന് ഞാന്‍ ഊഹിക്കുന്നു. ദൈവീകത, സ്നേഹം, കാമം, മതം, മത ഭ്രാന്ത് എന്ന് തുടങ്ങി സ്വവര്‍ഗ്ഗ രതി വരെ, എല്ലാം കൂടിമറിഞ്ഞ് പ്രേക്ഷകനെ കണ്‍ഫ്യൂഷനിലാക്കുകയാണ് ഈ സിനിമ.

ആരാധ്യയായ ബീവിയുടെ കഥ സൂഫി പറഞ്ഞു തുടങ്ങുന്നത് ഇപ്രകാരമാണ്:
   "ബീവി ദൈവമാണോ?"
   "അല്ല മോനേ"
   "പിന്നെ എന്തിനാണ് എല്ലാവരും ബീവിയുടെ അടുത്ത് പോകുന്നത്?"
   "സുഖസുന്ദരമായി ദൈവത്തിന്റെ അടുത്ത് എത്താന്‍"

പക്ഷെ, സിനിമ തീരുമ്പോഴും ഈ പറയുന്നതും ബീവിയുടെ നമ്മള്‍ കണ്ട ജീവിതവുമായി വലിയ ബന്ധമൊന്നും തോന്നുന്നില്ല. കാര്‍ത്തിയെന്ന ബീവിയുടെ മേല്‍ മിന്നിമറിയുന്ന ഭാവങ്ങള്‍ (ചെറിയ അളവിലാണെങ്കില്‍ കൂടി) പലതാണ് - നിഷ്കളങ്കയായ ബാലികയുടെ, ഒരു സാധാരണ പെണ്ണിന്റെ, മച്ചിലെ ദേവിയുടെ, ഒടുവില്‍ കണ്ണകിയുടേയും.

ഇങ്ങനെയൊക്കെയാണെങ്കിലും, കണ്ടുമടുത്ത ക്ലീഷേകളില്‍പ്പെടാതെ, ആകാംഷ നഷ്ടപ്പെടുത്താതെ, മടുപ്പ് തോന്നിപ്പിക്കാതെ സിനിമ കൊണ്ടുപോകുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സിനിമ തീരുമ്പോള്‍ മാത്രമാണ് ഒരു നിരാശ അനുഭവപ്പെടുക. നോവല്‍ വായിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലതെന്ന് എനിക്ക് തോന്നുന്നു.

4 comments:

 1. വഞ്ചകന്‍ !! ചതിയന്‍ !! നീചന്‍ !! കൂതറേ !! ഞാന്‍ ഇവിടെ തെണ്ടി തിരിഞ്ഞു നടക്കുന്ന കാര്യം നിനക്കോര്‍മ്മയില്ല അല്ലെ ? എന്നേം കൂടെ വിളിച്ചാല്‍ എന്താരുന്നു ?

  ReplyDelete
 2. @ആഷിക്
  സോറി.. സോറി.. നീ തെണ്ടിത്തിരിഞ്ഞ് നടക്കുന്നത് അറിയാഞ്ഞിട്ടല്ല. വീട്ടില്‍ നിന്ന് അച്ഛനും അമ്മയുമായാണ് ഈ സിനിമക്ക് പോയത്. അതുകൊണ്ടാ വിളിക്കാഞ്ഞത്.

  ReplyDelete
 3. ക്ഷമിച്ചിരിക്കുന്നു. ഇനി മേലാല്‍ ഇതാവര്‍ത്തിക്കരുത്. ഹും..

  ReplyDelete