കാലാവസ്ഥയും കെ.എസ്.ഇ.ബിയും

കാലാവസ്ഥയും വൈദ്യുതി വകുപ്പും തമ്മിലെന്ത് ബന്ധം എന്നാലോചിച്ച് തല പുണ്ണാക്കണ്ട. കാറ്റും മഴയും വളരെ കൃത്യമായി പ്രവചിക്കാനുള്ള അത്യന്താധുനിക അതീവ രഹസ്യ ഉപകരണങ്ങള്‍ നമ്മുടെ വൈദ്യുതി വകുപ്പ് എങ്ങനെയോ സമ്പാദിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കാലാവസ്താ വകുപ്പിന്റെ നിഗമനം. ഇത്രയും കാലം കട തുറന്നു വച്ചിട്ടും, 'പെയ്തുപോയ മഴ ഇത്ര സെ.മീ.' എന്ന് പറയാനല്ലാതെ 'ദേ മഴ വരാന്‍ പോകുന്നു' എന്നോ 'കാറ്റടിക്കാന്‍ പോകുന്നു' എന്നോ കൃത്യമായി പറയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല ഇവര്‍ക്ക്. ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണങ്ങളായ കാലാവസ്ഥാ മോഡലുകളോ ഉപഗ്രഹങ്ങളോ ഉപയോഗിച്ചുപോലും ചെയ്യാന്‍ കഴിയാത്ത ഈ സംഗതി വളരെ സിമ്പിളായി നമ്മുടെ വൈദ്യുതി വകുപ്പ് ചെയ്യുന്നതെങ്ങനെ എന്നാണ് കാലാവസ്ഥാക്കാര്‍ വണ്ടറടിക്കുന്നത്!

സംഭവം സത്യമാണ്. ഈയിടെ വേനല്‍ മഴ തുടങ്ങിയതോടെ വൈദ്യുതി വകുപ്പ് അവരുടെ കഴിവ് തെളിയിച്ചിരിക്കുകയാണ്. മഴയോ കാറ്റോ വരാന്‍ എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ കിറുകൃത്യമായി എന്റെ വീട്ടില്‍ കറന്റ് പോകും. മഴ വരുന്നതിനു അരമണിക്കൂര്‍ മുമ്പെങ്കിലും സംഭവം നടന്നുകഴിയും. പിന്നെ മഴ തോര്‍ന്ന് മിനിമം അര മണിക്കൂര്‍ കഴിഞ്ഞാലേ വൈദ്യുതി പ്രവാഹം ഉണ്ടാകൂ. ഈ കൃത്യതയുടെ പിന്നിലുള്ള അതിസങ്കീര്‍ണ്ണ ടെക്നോളജി (അഥവാ ഗുട്ടന്‍സ്) അതീവരഹസ്യമായാണ് കെ.എസ്.ഇ.ബി. സൂക്ഷിക്കുന്നത്. ആരെങ്കിലും കാര്യം അന്വേഷിച്ചാല്‍ "ഇലവന്‍ കെ.വി. ഫാള്‍ടാണ്", "ഫീഡര്‍ പോയതാണ്" എന്നൊക്കെയുള്ള കോഡ് മറുപടികളായിരിക്കും കിട്ടുക.

എന്നാല്‍ കെ.എസ്.ഇ.ബിയുടെ പക്കലലുള്ളത് സങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളല്ലെന്നും, മറിച്ച് കാറ്റൂം മഴയും പ്രവചിക്കാന്‍ കഴിവുള്ള ശാസ്ത്രജ്ഞന്‍മാരാണെന്നും ഒരു മറുപക്ഷമുണ്ട്. പൊതുജനക്ഷേമം മുന്‍നിര്‍ത്തി ഇക്കൂട്ടര്‍ നേരത്തേ തന്നെ ഊര്‍ജ്ജപ്രവാഹം നിര്‍ത്തിവക്കുന്നതാണത്രെ! ചെലവേറിയ പോസ്റ്റുകളും പിന്നെ അതിനൂതന ട്രാന്‍സ്ഫോര്‍മറുകളും കമ്പികളും മറ്റും വായുവില്‍ നിന്നും ജലത്തില്‍ നിന്നും സംരക്ഷിക്കേണ്ടതുതന്നെയല്ലേ?

എന്തൊക്കെയാണെങ്കിലും വൈദ്യുതി വകുപ്പിന്റെ ഉപകരണങ്ങളിലും ശാസ്ത്രജ്ഞന്‍മാരിലും കാലാവസ്ഥാ വകുപ്പുകാര്‍ക്ക് കണ്ണുണ്ട് എന്നാണ് കേള്‍ക്കുന്നത്. ആര്‍ക്കറിയാം, നാളെ ഒരുപക്ഷേ വിദേശശക്തികള്‍ പോലും ഇവരുടെ ടെക്നോളജി തേടിയെത്തിയേക്കാം. ജാഗ്രതൈ!



വാല്‍: ഞാന്‍ ഇതെഴുതിക്കൊണ്ടിരിക്കുന്നത് എങ്ങനെയോ മണത്തറിഞ്ഞ കെ.എസ്.ഇ.ബി. ഇടക്ക് സ്വിച് ഓഫ് ചെയ്ത് എന്നെ ഒരു പ്രാവശ്യം വിരട്ടി നോക്കി. പിന്നേ, ഞാനാരാ മോന്‍. ഹും.


Comments

  1. ഹ ഹ..ഈ ലവന്‍ കെ വി ഫോള്‍ട് ഒരു ഗോളാന്തര പ്രതിഭാസം ആണ്. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ കറന്റ് പോയി വിളിച്ചു ചോദിച്ചാല്‍ ഇതേ മറുപടി കിട്ടും!!! മനുഷ്യാവസ്ഥ പോലെ "ലവന്‍ കെ വി"യുടെ അവസ്ഥയും എല്ലായിടത്തും ഒരുപോലെ :-)

    ReplyDelete
  2. 'കറന്റടിച്ചാല്‍ കാറ്റുപോകും, കാറ്റടിച്ചാല്‍ കറന്റുപോകും' എന്ന ചൊല്ലു കേട്ടിട്ടില്ലേ? :)

    ReplyDelete
  3. സന്തോഷ്: എജ്ജാക്റ്റ്ലി! അത് തന്നെയാണ് ഇപ്പോള്‍ എന്റെ വീട്ടിലെ സ്ഥിതി!

    ReplyDelete
  4. ha ha kollam. vivaranam nalla rasamaayittuntu

    ReplyDelete
  5. it is really nice to read above comments....but the real thing is all of them are super suspicions . If they all are appointed to KSEB all of them will apologize for this comments

    ReplyDelete

Post a Comment

Popular posts from this blog

Qt - Enabling qDebug messages and Qt Creator

പേര്

ബിഗ് റേഡിയോ ഇതിഹാസം