Sunday, October 20, 2013

ഇടുക്കി ഗോള്‍ഡ് - Movie Review


ആഷിക് അബുവിന്റെ പുതിയ സംരംഭം 'ഇടുക്കി ഗോള്‍ഡ്' പ്രദര്‍ശനം തുടങ്ങിയിട്ട് ഇപ്പോള്‍ ഏതാനും ആഴ്ചകളായിരിക്കുന്നു. പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി, വിജയരാഘവന്‍ എന്നിവര്‍ മുഖ്യകഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. സജിത മഠത്തില്‍, ജോയ് മാത്യു, രവി വള്ളത്തോള്‍ എന്നിവര്‍ അത്ര പ്രധാനമല്ലാത്ത റോളുകളില്‍ ഉണ്ട്.

ഇടുക്കിയിലെ ഒരു ചെറിയ സ്കൂളില്‍ പണ്ട് ഒന്നിച്ച് പഠിച്ച അഞ്ച് കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം (അതായത് അവര്‍ പ്രതാപ് പോത്തന്റേയും, വിജയരാഘവന്റേയുമൊക്കെ പ്രായമായപ്പോള്‍) ഒത്തുകൂടുന്നതും  ഓര്‍മ്മകള്‍ അയവിറക്കാന്‍ ഇടുക്കിയിലേക്ക് നടത്തുന്ന യാത്രയുമാണ് കഥാവൃത്തം. ഭൂതവും വര്‍ത്തമാനവും ഇടകലര്‍ത്തിയാണ് സിനിമ പുരോഗമിക്കുന്നത് (പേടിക്കണ്ട, Memento പോലെ വട്ടാക്കുന്ന ഫ്ലാഷ്-ബാക്കുകളൊന്നുമല്ല).

ഇടുക്കിയിലെ മലനിരകളില്‍ വളരുന്ന കഞ്ചാവാണത്രേ ഈ 'ഇടുക്കി ഗോള്‍ഡ്'. "ശിവന്‍ മുതല്‍ ചെഗുവേര വരെ" വലിച്ചിരുന്ന നീലപ്പുക എന്ന് ചിത്രം അവകാശപ്പെടുന്നു. ഈ കഞ്ചാവ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ഒരു പ്രധാന മോട്ടിവേറ്ററാണ്. പഴയകാലം ഓര്‍ക്കുക മാത്രമല്ല, ഇടുക്കി ഗോള്‍ഡ് ഒന്ന് പുകയ്ക്കുക കൂടിയാണ് ഇവരുടെ യാത്രയുടെ ഉദ്ദേശ്യം. കഞ്ചാവിനെ ഗ്ലോറിഫൈ ചെയ്യുകയാണീ സിനിമ എന്ന് വ്യാപകമായ വിമര്‍ശം ഉണ്ടല്ലോ. എന്തായാലും Marijuana കേന്ദ്രീകരിച്ചുള്ള എത്രയോ ഇംഗ്ലീഷ് stoner comedy സിനിമകള്‍ നാം കണ്ടാസ്വദിച്ചിരിക്കുന്നു. അതിനൊന്നുമില്ലാത്ത പ്രശ്നമൊന്നും ഈ ചിത്രത്തിനുമില്ല. പിന്നെ, ഈ കാരണം കൊണ്ട് ഇതൊരു "കുടുംബ ചിത്രം" അല്ലായിരിക്കാം. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ദിലീപിന്റെ വളിപ്പുകള്‍ പോലെ "കുടുംബ ചിത്രം" എന്ന ബാനറില്‍ വേണമെന്നില്ലല്ലോ. എല്ലാ തരം ചിത്രങ്ങളും ഉണ്ടാകട്ടെ.

കഞ്ചാവ് വിവാദങ്ങള്‍ക്കപ്പുറം, തരക്കേടില്ലാത്ത ഒരു സിനിമയാണ് ഇടുക്കി ഗോള്‍ഡ്. കൊള്ളാവുന്ന ഒരുപാട് തമാശകളും, ഉഗ്രന്‍ വിഷ്വല്‍സും, നല്ല ഏഡിറ്റിങ്ങും, ഗാനങ്ങളും ചിത്രത്തിന്റെ മുക്കാല്‍ ഭാഗം വരെ നന്നാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമയുടെ അവസാനം സാമാന്യം ബോറാണ്. ഇതെങ്ങിനെയും കൊണ്ടൊന്ന് തീര്‍ക്കണമല്ലോ എന്ന മട്ടിലാണ് ക്ലൈമാക്സ്.

കഥാപാത്രങ്ങളുടെ ബാല്യകാലം അഭിനയിച്ച പിള്ളേരെല്ലാം നന്നായിരുന്നു. രവീന്ദ്രന്‍ (പഴയ ഡിസ്കോ രവീന്ദ്രന്‍) കലക്കിയപ്പോള്‍, ബാബു ആന്റണി, മണിയന്‍പിള്ള രാജു, പ്രതാപ് പോത്തന്‍ എന്നിവര്‍ ശരാശരി നിലവാരം പുലര്‍ത്തി. ബാബു ആന്റണിയെ ചിത്രത്തില്‍ കാസ്റ്റ് ചെയ്തത് എനിക്കിഷ്ടപ്പെട്ടു. എന്നാല്‍ വിജയരാഘവന്‍ അത്ര ശരിയായോ എന്ന് ഒരു സംശയം. ജോയ് മാത്യുവിനെ ഇറക്കിയത് നന്നായെങ്കിലും സജിത മഠത്തിലിന്റെ അപ്പിയറന്‍സ് വെറുതേയായിപ്പോയി.

സിനിമ പൊതുവേ ഒരു തമാശ ലൈനാണ്. അവസാനത്തെ ഏതാണ്ട് അര മണിക്കൂറൊഴിച്ചാല്‍. ഈ അര മണിക്കൂര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ന്യൂനതയും. ഒരു കാട്ടാന ജീപ്പിനെ ആക്രമിക്കുന്ന രംഗമുണ്ട്. ന്യൂ ജെന്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ വന്‍ ഡെസ്പ്! കുറച്ചുകൂടി നന്നായിട്ടഭിനയിക്കുന്ന മറ്റേതെങ്കിലും പ്രതിമ ആനയെന്ന് പറഞ്ഞ് കൊണ്ടുവയ്ക്കാമായിരുന്നു.
പിന്നെ ചിത്രത്തിന്റെ ക്ലൈമാക്സും അത്ര സുഖം പോര. കൂടുതല്‍ പറഞ്ഞാല്‍ സ്പോയിലര്‍ ആകും എന്നതിനാല്‍ ഒന്നും എഴുതുന്നില്ല.

ചിത്രത്തെക്കുറിച്ച് വിമര്‍ശനങ്ങളും വഴക്കുകളും വരെ സോഷ്യല്‍ മീഡിയകളിലും മറ്റ് സൈറ്റുകളിലും സജീവമാണ്. കുറ്റം പറയുന്നവരെ പ്രതാപ് പോത്തന്‍ ഫെയ്സ്‌ബുക്കില്‍ തെറിവിളിക്കുകയും ചെയ്തിരിക്കുന്നു. ഇടുക്കി ഗോള്‍ഡ് ശരാശരിയിലും ഭേദപ്പെട്ട ഒരു സിനിമയാണെന്നാണ് എന്റെ അഭിപ്രായം. പക്ഷെ ഇത് ആഷിക് അബുവിന്റെ ഫാന്‍സും പ്രതാപ് പോത്തനും വിശ്വസിക്കാനാഗ്രഹിക്കുന്നത് പോലെ മഹത്തായ കലാ സൃഷ്ടിയോ ബ്രില്ല്യന്റ് സിനിമയോ ഒന്നുമല്ല. മലയാളത്തിലെ ആദ്യ stoner movie എന്ന് പറയാം. അതിനെന്തായാലും ഈ ചിത്രത്തിന്റെ ശില്പികള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

No comments:

Post a Comment