Saturday, July 18, 2009

ഈ പട്ടണത്തില്‍ ഭൂതം


മലയാളത്തില്‍ വീണ്ടും ഒരു ഫാന്റസി ചിത്രം. ഈ ചിത്രത്തിലെ പല സ്റ്റില്‍സും മമ്മൂട്ടി വിരുദ്ധന്‍മാരാല്‍ പലവിധ കമന്റുകളും എഴുതി ഈയിടെയായി ഈമെയിലായി ലഭിച്ചുകാണുമല്ലോ?
എന്തൊക്കെയായാലും, ചിത്രം തരക്കേടില്ല. കൊള്ളാം. ഇത് കുട്ടികള്‍ക്കുള്ള ഒരു ഫാന്റസി ചിത്രമാണെന്ന് കാണുമ്പോള്‍ മനസ്സിലുണ്ടാകണമെന്നു മാത്രം.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, മമ്മൂട്ടി ഒരു ഭൂതത്തെ അവതരിപ്പിക്കുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തനിലും, സക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലും നമ്മള്‍ കണ്ട 'ദുര്‍മന്ത്രവാദിയും പാവം ചാത്തനും' ലൈന്‍ തന്നെ. എന്നാലും അനാവശ്യമായ മന്ത്രതന്ത്ര രംഗങ്ങളുടെ അതിപ്രസരം ഇവിടെയില്ല. മന്ത്രവാദിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ഭൂതം കുറേ കുട്ടികളുടെ പ്രിയങ്കരനായ കൂട്ടുകാരനാകുന്നു. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള മറ്റു കഥാപാത്രങ്ങള്‍ക്കിടയില്‍ അങ്ങനെ ഭൂതം കടന്നുവരുന്നു.
കുട്ടിച്ചാത്തനിലും, ചാത്തുണ്ണിയിലും പോലെ, മന്ത്രവാദി ഭൂത്തത്തെ തിരിച്ചുപിടിക്കാന്‍ ഇടക്കിടെ വരുന്നുമുണ്ട്. ഇനിയും കൂടുതല്‍ കഥ പറഞ്ഞ് സിനിമയുടെ രസം കളയുന്നില്ല.

ചിത്രം എനിക്കിഷ്ടപ്പെട്ടു. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ സംവിധായകന്‍ കഥയും രംഗങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പല തമാശ രംഗങ്ങളും വളരേ silly and slapstick ആയി നമുക്കു തോന്നും. സുരാജിന്റേയും സലിം കുമാറിന്റെയും പല നമ്പറുകളും ഏശുന്നില്ല. മിക്കതും attempted jokes മാത്രം. പക്ഷേ ഇവര്‍ ബോറടിപ്പിക്കില്ല. ചിത്രം ആകെ മൊത്തം അങ്ങനെ തന്നെ. ബോറടിക്കില്ല. മുതിര്‍ന്നവര്‍ക്കും സാമാന്യം interesting ആയിരിക്കും എന്നാണെനിക്ക് തോന്നുന്നത്.

ഭൂതമായുള്ള മമ്മൂട്ടിയുടെ അഭിനയം മികച്ചതെന്ന് പറയാന്‍ വയ്യ. ഒരു stiffness നമുക്കനുഭവപ്പെടും. അത്ര അനായാസേനയല്ല ഈ കുട്ടി ഭൂത്തത്തെ (തങ്ങളുടെ ലോകത്ത് 500 വയസ്സുള്ള താന്‍ ഒരു കുട്ടിയാണെന്നാണ് ഭൂതം പറയുന്നത്) മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 'നാശമാക്കിയിട്ടില്ല' എന്നേ എനിക്ക് പറയാനുള്ളൂ. ഈമെയിലായി വന്ന ജയന്‍ രംഗങ്ങളൊക്കെ സത്യത്തില്‍ നന്നായിട്ടുണ്ട്.

ഇങ്ങനെ ഒരു ഫാന്റസി സിനിമയില്‍ visual effects-നുള്ള സാദ്ധ്യത ഏറെയാണല്ലോ. ചിത്രത്തില്‍ ആകെ നിറങ്ങളുടെ അതിപ്രസരമാണ്. എല്ലാവരുടേയും മുഖങ്ങള്‍ വിളറി വെളുത്തുമിരിക്കും. തലകള്‍ക്കു ചുറ്റും ഒരു glow കാണാനുണ്ടായിരുന്നു. എന്താണോ ആവോ! Visual effects മിക്കതും അടിപൊളി. നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ, ആള്‍ക്കാരുടെ adventure രംഗങ്ങളൊക്കെ വളരെ മോശം. ബൈക്കിലും കുതിരപ്പുറത്തുമൊക്കെ പോകുന്നത് മമ്മൂട്ടിയല്ല അദ്ദേഹത്തിന്റെ cut-out ആണെന്ന് തോന്നും. ഇതൊക്കെ കുറേക്കൂടി നന്നാക്കാമയിരുന്നു.

കുട്ടികള്‍ക്കായി ഉണ്ടാക്കിയ ഒരു സിനിമയില്‍ 'ചങ്കില്‍ കത്തികേറ്റുന്ന' രംഗം ഒഴിവാക്കാമയിരുന്നു. അതുപോലെ തന്നെ, ഒരു പട്ടിയെകൊണ്ടുള്ള സീന്‍ അല്പം കൂടി subtle ആക്കാമായിരുന്നു (ചിത്രം കാണുമ്പോള്‍ മനസ്സിലാകും). The Mask എന്ന സിനിമയില്‍ ഇതുപോലൊരു രംഗം അല്പം കൂടി നന്നായെടുത്തിട്ടുണ്ടായിരുന്നു എന്നാണോര്‍മ്മ.

ഇത്തരം ചില്ലറ പ്രശ്നങ്ങളൊഴിച്ചാല്‍ ഇത് നല്ലൊരു സിനിമയാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികള്‍ക്കിഷ്ടപ്പെടുമെന്ന് തീര്‍ച്ച.

No comments:

Post a Comment